Tuesday, July 14, 2015

ഇനി ഞാനുറങ്ങട്ടെ....!

ഇനി ഞാനുറങ്ങട്ടെ....!അരികിൽ വന്നിരിക്കേണ്ട...!
കണ്ണീരു ചിന്നി വീഴരുത് ... ഒരു ചുംബനത്തിൽ
എന്റെ ഹൃദയം ചാലിച്ചു നിൻ കണ്ണ് ഏഴുതണം
എന്ന് പറയരുത് ......
നരകത്തിലേക്ക് ഒരു ഗർത്തം പിളർന്നപോൽ
ഓർമ്മകൾ തൻ ചുടുകാട്ടിലെക്ക് ഞാനെത്തി നോക്കവേ ..
വിതുംബാതെ നീ പോയ്‌കൊള്ളുക .....!
ഇനി നീ പോയ്‌കൊള്ളുക .....!
ഇനിയെന്റെ നോവിന്റെ ആഴി തൻ കരയിൽ
വന്നിരിക്കേണ്ട..! എന്റെ ഭൂത കാലത്തിൻ
ഉപ്പു കാറ്റ് ഏൽക്കണ്ട ...ചോര പൊടിഞ്ഞു ചുമന്നോരീ
ചക്രവാളം കാണേണ്ട ....പോവുക നീ ....!
പോകും മുമ്പൊരു മാത്ര ... ഒറ്റ വട്ടം കൂടെ നിൻ...
മോഹഭംഗം തണുപ്പിച്ച വിരളുകലെൻ നെറ്റിമേൽ
വെയ്ക്ക അലിവോടെ നേർത്തൊരു ...
നൊമ്പരം പോലെ പതുക്കെ നീ ....!!


Tuesday, May 19, 2015

കടലാസ്സു പൂക്കൾ


ഇന്നും മരിക്കാത്ത സ്വപ്നപ്പക്ഷീ നിൻ
വിറയാർന്ന ഗാനങ്ങൾ കെട്ടണഞ്ഞീടുമ്പോൾ
ഇനിയെന്റെ ജീവിത പാതകൾ തന്നിലേ
തെരുവകൾ തോറും രക്തവും ദൈന്യവും
മരവിച്ചു വീഴുമെൻ സ്വപ്‌നങ്ങൾക്കിന്നിനി
നിറമില്ല മണമില്ല പുൽക്കൊടികൾ തൻ തണൽ ഇല്ല
ഇനിയൊരു ചന്ദ്രനുമുദിക്കില്ല എന്റെയീ
തളിർ കരിയുന്നോരീ ഏകാന്ത വീഥിയിൽ.
കടലാസ്സു പൂക്കളിൽ കവിതകൾ തൻ
മധു തേടിയലയുന്ന ഭ്രാന്തൻ നിലാപ്പക്ഷി
വരവായി രാത്രിതൻ തേങ്ങലിൻ അലകൾ പോൽ
മരണമെന്നോതുന്ന വേതാള തെയ്യങ്ങൾ
മോഹഭംഗങ്ങൾ തൻ കടലിന്നടിതട്ടിൽ
ശ്വാസമില്ലാതുഴറുന്ന ഓർമ്മകൾ
അഭയമായ്‌ കാണുന്ന സ്നേഹത്തുരുത്തിലെക്ക്
അവളിലേക്കൂളിയിടുന്നു വീണ്ടും ഞാൻ ...
ഓർമ തൻ പകൽ വറ്റി വരളുമീ നേരത്ത്
ഇനി ഞാനൊറ്റയായ് പോകട്ടെ സ്വപ്നമേ ..!!

Sunday, October 12, 2014

നിദ്ര

മനസ്സിലെ താഴ്വാരങ്ങളിൽ ശോകത്തിൻ
സായന്തനമിരുണ്ട്‌ തുടങ്ങുമ്പോൾ
അന്ധകാരത്തിന്റെ മൌനത്തിലെക്കാ
വളകിലുക്കങ്ങൾ മാഞ്ഞു പോകുമ്പോൾ
ദുർ മരണത്തിൻ സ്വപ്നങ്ങളെൻ
പ്രജ്ഞയെ കാര്ന്നു തിന്നീടുമ്പോൾ
ജീവനില്ലാത്തോരീ സ്വർഗത്തിലേക്കെന്റെ
മുജ്ജന്മ ശാപത്തിൻ തീ പടർന്നീടുമ്പോൾ...!
ഭൂതകാലത്തിന്റെ പടവുകളിൽ
നിന്നുമീ വിറയാർന്ന ചുവടുകൾ
പിൻവലിക്കട്ടെ ഞാൻ ....
കണ്ടാലറിയാത്ത വീണ മോഹങ്ങളേ..
ആത്മാക്കളില്ലാത്ത അസ്ഥികൂടങ്ങളെ...
ഹൃദയ ഭിത്തിതികൾ ഭേദിച്ചെൻ
രുധിരമൊഴുകി... കറുക്കുമീ രാത്രി തൻ
മടിയിൽ തല വെച്ചു ഉറങ്ങട്ടെ ഞാൻ ഇനി
പോകട്ടെ ഞാനുമെൻ മൂക സംഗീതവും

Thursday, May 8, 2014

ഭ്രാന്ത് ...!

വേർപാടു നൽകിയ മുറിപ്പാടുമേന്തി ഞാൻ
നഷ്ട സ്വപ്നങ്ങളിൽ എന്തോ തിരയുന്നു ...
ഒരു നിഴൽ പോലെന്റെ ചാരേ ഗമിക്കുന്ന ,,
നിദ്രാവിഹീനതയിലെന്തോ തിരയുന്നു..!
ഓർമ്മകൾ തൻ ശരശയ്യയിൽ ഞാനിന്ന്...
നൊമ്പരപ്പൂക്കളെ വാരിപ്പുതക്കുന്നു ..
തെക്കു നിന്നേതോ കാറ്റടിച്ചിന്നെന്റെ...!
ചെവികളിലാസുര താളം മുഴക്കുന്നു ...
വിഷാദഗ്രസ്തമൊരു മയക്കത്തിലാഴവേ..
ഞെട്ടിയുണർത്തുന്നു.. മുനയുള്ള മൗനങ്ങൾ
ഭൂതകാലത്തിനു മപ്പുറത്തേക്കെന്റെ ..!
പ്രാണനെയാരോ വലിച്ചിഴച്ചീടുന്നു ...
നോവിന്റെയാഴിയിന്നെന്നെ വിളിക്കുന്നു
ഓർമ തൻ മുത്തുകൾ വാരിയെടുക്കുവാൻ ...
ഏതോ ഭ്രാന്തൻ കിനാവിന്റെ തീരത്തു...
മൃത്യുവെ തേടി ഞാൻ ഭ്രാന്തമായുഴറുന്നു
പരിത്യക്തപഥികനായ് ഞാനിന്നുമുഴറുന്നു..
എവിടെ തുലച്ചെന്റെ പ്രാണന്റെ പ്രാണനേ..
മരണത്തിൻ താഴ്വരയിലൂടിന്നു ഞാനെന്റെ
പ്രാണന്റെ പാതിയെ തേടി നടക്കുന്നു ...!!

Sunday, May 4, 2014

ശവങ്ങൾ ..!

ഇന്നീ മഴക്കൊപ്പം ഒലിച്ചു പോകട്ടെയെൻ നാമം
ജീർണിച്ച ജീവനേ...! ഓർക്കുവാൻ എന്തുള്ളൂ
ഇനി.... മരിച്ചവരല്ലോ..ഓർമകൾ എല്ലാം
മരുവിലേക്കൊഴുകുന്ന പുഴ പോലെയിന്നെൻ
ജീവന്റെ ഉറവകൾ വറ്റിടുമ്പോൾ
അതിമോഹമില്ലെനിക്കിനിയും ജീവിച്ചീ ,,,,,
അകലങ്ങളൊക്കെയും കീഴടക്കാൻ...
എന്റെ ശവം പോങ്ങുതടിയാക്കി തുഴയുക നീ ..
കൈകൾ തളർന്നു താഴ്വോളം തുഴയുക..
എന്റെ മൃതിയിൽ..... വിരൽ മുക്കി നീ ...
കനല് കെട്ട നിൻ നിൻ കണ്കൾ എഴുതുക ..!
ഇനി എന്നും ഞാനീ ഭ്രാന്താലയത്തിൽ
എന്നെ ചങ്ങലയ്ക്കിട്ട രാത്രികളിൽ
മരിക്കും സ്മൃതികളില്‍ ജീവിച്ചിടട്ടെ ...

Saturday, April 12, 2014

നഷ്ടവസന്തം..!

"മനസ്സിന്റെ ചില്ലയിൽ ഇപ്പോൾ അക്ഷരങ്ങൾ തളിര്ക്കുന്നില്ല അക്ഷരങ്ങളുടെ തുഞ്ചത്ത് കവിതകൾ വിരിയുന്നുമില്ല"..!!!

Thursday, March 20, 2014

ചക്രവാളം ..!

സങ്കട പേമാരി നനയുവാനായെന്നെ ..
ഒറ്റക്ക് വിട്ടു നീ ദൂരെ മറഞ്ഞുപോയ്‌
നൊമ്പരക്കടലിലൂടൊറ്റക്ക് തുഴയുവാൻ
എന്തിനീ ജീവിതം ബാക്കി വച്ചു..!

നഷ്ടസ്വപ്നങ്ങളിൽ കാണുന്നു ഞാനിന്ന്
ശബളമോഹങ്ങൾ തൻ വ്യർഥതയും
ഒടുവിലെൻ പ്രാണനെ ദുഃഖത്തിലാഴ്ത്തി നീ ...
വിട പറയാതെ നടന്നു മറഞ്ഞതും ...

കാതങ്ങളെത്ര കഴിഞ്ഞു പോയെങ്കിലും
ദശകങ്ങളെത്ര കൊഴിഞ്ഞു വീണെങ്കിലും
മായില്ല ..മായില്ല ..നിന്നുടെ രൂപവും
പ്രാണനിൽ ചോര പൊടിഞ്ഞൊരാ സന്ധ്യയും.!

ഓരോരൊ സന്ധ്യയും മറയുമ്പോഴും .. എന്നെ
കാത്തു നിൽക്കുന്നു നീ ചക്രവാളങ്ങളിൽ ..
ഇനിയുമെൻ പ്രാണന്റെ കൂട്ടായ് വരാനൊരു ..
പുതിയൊരു ജന്മത്തിൻ പുലരി വിടരുവാൻ ..!