Tuesday, May 19, 2015

കടലാസ്സു പൂക്കൾ


ഇന്നും മരിക്കാത്ത സ്വപ്നപ്പക്ഷീ നിൻ
വിറയാർന്ന ഗാനങ്ങൾ കെട്ടണഞ്ഞീടുമ്പോൾ
ഇനിയെന്റെ ജീവിത പാതകൾ തന്നിലേ
തെരുവകൾ തോറും രക്തവും ദൈന്യവും
മരവിച്ചു വീഴുമെൻ സ്വപ്‌നങ്ങൾക്കിന്നിനി
നിറമില്ല മണമില്ല പുൽക്കൊടികൾ തൻ തണൽ ഇല്ല
ഇനിയൊരു ചന്ദ്രനുമുദിക്കില്ല എന്റെയീ
തളിർ കരിയുന്നോരീ ഏകാന്ത വീഥിയിൽ.
കടലാസ്സു പൂക്കളിൽ കവിതകൾ തൻ
മധു തേടിയലയുന്ന ഭ്രാന്തൻ നിലാപ്പക്ഷി
വരവായി രാത്രിതൻ തേങ്ങലിൻ അലകൾ പോൽ
മരണമെന്നോതുന്ന വേതാള തെയ്യങ്ങൾ
മോഹഭംഗങ്ങൾ തൻ കടലിന്നടിതട്ടിൽ
ശ്വാസമില്ലാതുഴറുന്ന ഓർമ്മകൾ
അഭയമായ്‌ കാണുന്ന സ്നേഹത്തുരുത്തിലെക്ക്
അവളിലേക്കൂളിയിടുന്നു വീണ്ടും ഞാൻ ...
ഓർമ തൻ പകൽ വറ്റി വരളുമീ നേരത്ത്
ഇനി ഞാനൊറ്റയായ് പോകട്ടെ സ്വപ്നമേ ..!!

No comments:

Post a Comment